Thursday, 7 June 2018
Monday, 4 June 2018
'ഇതുപോലെ എന്നും പിന്തുണച്ചാല്‍ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ച് ഞങ്ങള്‍ കളിക്കും' ഈ രാത്രി ഏറെ പ്രിയപ്പെട്ടത്'; സുനിൽ ഛേത്രി
മുംബൈ: തന്റെ വാക്കു കേട്ട് ഗ്യാലറിയിലേക്ക് ഒഴുകിയെത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. കെനിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന് ശേഷം തന്റെ ട്വിറ്ററിലൂടെയാണ് ഛേത്രി ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. രണ്ട് ഗോളുകളുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത് നായകന്‍ തന്നെയായിരുന്നു.
‘ഇതുപോലെ എന്നും പിന്തുണച്ചാല്‍ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ച് ഞങ്ങള്‍ കളിക്കും. ഈ രാത്രി വളരെ പ്രിയപ്പെട്ടതാണ്. കാരണം നമ്മള്‍ ഒരുമിച്ചായിരുന്നു. ഗ്യാലറിയില്‍ ആരവമുയര്‍ത്തിയവര്‍ക്കും വീട്ടിലിരുന്ന് കണ്ടവര്‍ക്കും എല്ലാവര്‍ക്കും നന്ദി,’ സുനില്‍ ഛേത്രി തന്റെ ട്വീറ്റില്‍ കുറിക്കുന്നു.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മികവിലാണ് ഇന്ത്യയുടെ വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയുടെ വിജയം. സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ജെജെ ലാല്‍പെക്കൂലയാണ് ഒരു ഗോള്‍ നേടിയത്. 68ാം മിനുട്ടിലാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്. ഛേത്രിയെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍ട്ടിയാണ് ഗോളായത്.
71ാം മിനുട്ടില്‍ ജെജെയുടെ ബുള്ളറ്റ് ഷോട്ട് ഗോളിയെ കബളിപ്പിച്ച് വല തുളച്ചു. ഇഞ്ചുറി ടൈംമിലാണ് ഛേത്രിയുടെ രണ്ടാം ഗോള്‍ പിറന്നത്. നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ വിജയം. സുനില്‍ ഛേത്രിയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഇത്രയും കാണികള്‍ കലി കാണാനെത്തിയത്. ഇത്രയും നാള്‍ ഗ്യാലറിയോട് അകലം പാലിച്ചിരുന്ന ആരാധകര്‍ ഛേത്രിയുടെ വാക്കുകളില്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നു.
ഛേത്രിയിലൂടെ ഇന്ത്യൻ ഫുട്ബോളിന് ഉയിർത്തെഴുന്നേൽപ്പ്
മുംബൈ: ഇന്ത്യൻ ഫുട്ബോളിൻെറ ചരിത്രത്തിലെ സുവർണ നിമിഷങ്ങൾക്കാണ് ഞായറാഴ്ച മുംബൈയിലെ അന്ധേരി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആരവമുയർത്തി തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ഇന്ത്യ കെനിയയെ നേരിട്ടു. നായകൻ സുനിൽ ഛേത്രിക്ക് 100ാം മത്സരം.വിമർശിച്ചാലും തെറി പറഞ്ഞാലും തങ്ങളുടെ കളി കാണാൻ വരണമെന്ന ഛേത്രിയുടെ അഭ്യർഥന ഫലം കണ്ടു. മത്സരത്തിൻെറ ടിക്കറ്റുകൾ മുഴുവൻ നേരത്തെ തന്നെ വിറ്റ് തീർന്നു. തങ്ങളുടെ കളി കാണാനെത്തിയവർക്ക് ഛേത്രിയും സംഘവും ഒരുക്കിയത് അസ്സൽ വിരുന്നായിരുന്നു.68ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഛേത്രി തന്നെയാണ് ആദ്യം കെനിയയുടെ ഗോൾവല ചലിപ്പിച്ചത്. 71ാം മിനിറ്റിൽ ജേജേ ടീമിൻെറ രണ്ടാം ഗോൾ നേടി. എക്സ്ട്രാ ടൈമിൽ തകർപ്പൻ ഗോളിലൂടെ ഛേത്രി കാണികളുടെ മനം കവർന്നു. ആരാധകർക്ക് നേരെ നിന്ന് കൈ കൂപ്പി കൊണ്ടാണ്ഇന്ത്യൻ നായകൻ തൻെറ സന്തോഷം പങ്കു വെച്ചത്.അക്ഷരാർഥത്തിൽ ഇന്ത്യൻ ഫുട്ബോൾ ഉയിർത്തെണീക്കുകയാണ്. ഛേത്രി എന്ന ഫുട്ബോളർ അതിനെ മുന്നിൽ നിന്ന് നയിക്കുകയാണ്.
ആരാധകർക്ക് നന്ദി പറഞ്ഞ് സുനിൽ ഛേത്രി
ഇന്ത്യയെ പിന്തുണച്ച് സ്റ്റേഡിയത്തിൽ എത്തിയ ആയിരങ്ങൾക്ക് നന്ദി പറഞ്ഞ് സുനിൽ ഛേത്രി. ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ കെനിയക്കെതിരായ മത്സരത്തിൽ ഇന്ത്യയെ പിന്തുണക്കാൻ ആയിരങ്ങളാണ് മുംബൈ ഫുട്ബാൾ അരീനയിൽ എത്തിച്ചേർന്നത്.തന്റെ നൂറാം മത്സരം അവിസ്മരണീയമാക്കിയ ആരാധകർക്ക് മത്സര ശേഷമാണ് സുനിൽ ഛേത്രി നന്ദി രേഖപ്പെടുത്തിയത്.കനത്ത മഴയെ പോലും വകവെക്കാതെയാണ് ആരാധകർ മത്സരം കാണാൻ എത്തിച്ചേർന്നത്. കാലങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യൻ ഫുട്ബാൾ ടീം ഒരു നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ കളിക്കുന്നത്. “നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ കളിക്കുന്നത് വളരെ ശ്രേഷ്ഠമായതാണ്, നിങ്ങൾക്ക് മുന്നിൽ കളിക്കുമ്പോൾ ഞങ്ങളുടെ മുഴുവൻ കഴിവും പുറത്തേക്കാൻ ഞങ്ങൾ ശ്രമിക്കും” സുനിൽ ഛേത്രി പറഞ്ഞു.“ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും നന്ദി, നിങ്ങളുടെ ഒരു ചെറിയ പിന്തുണ പോലും ഞങ്ങൾക്ക് വളരെയേറെ ഊർജ്ജം നൽകും, നമ്മുടെ രാജ്യത്തിന് വേണ്ടി ഞങ്ങളുടെ മുഴുവൻ കഴിവും പുറത്തെടുക്കാൻ ഞാൻ തയ്യാറാണ്” സുനിൽ ഛേത്രി കൂട്ടി ചേർത്തു.നൂറാം മത്സരത്തിന് ഇറങ്ങിയ ഛേത്രിയെ മത്സരത്തിന് മുൻപ് ആദരിച്ചിരുന്നു. ഇതിഹാസ താരങ്ങളായ ബൈച്ചുങ് ബൂട്ടിയയും ഐഎം വിജയനും ചേർന്ന് ഛേത്രിക്ക് ഉപഹാരം സമ്മാനിച്ചു.
Tuesday, 22 May 2018
വിമര്‍ശകര്‍ക്കെതിരേ ഇന്ത്യന്‍ കോച്ച് ; ബാഴ്‌സലോണയെ പോലെ ഇന്ത്യ കളിക്കുമെന്ന് പ്രതീക്ഷിക്കരുത്,
അടുത്തമാസം നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ടീമിനെ ഒരുക്കുന്ന തയാറെടുപ്പിലും. അതിനിടെ കോച്ചിന്റെ ശൈലിക്കെതിരേ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഐഎസ്എല്ലില്‍ മികവ് പുലര്‍ത്തിയ കളിക്കാരെ ടീമിലെടുത്തില്ലെന്ന ആരോപണമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. ഇതിനു മറുപടിയുമായി കോണ്‍സ്റ്റന്റൈന്‍ തന്നെ രംഗത്തെത്തി.
ഞാന്‍ ഈ ടീമിനെ കൊണ്ട് മറ്റൊരു ഇന്ത്യന്‍ ടീമിനെയല്ല നേരിടാന്‍ പോകുന്നതെന്നും വേറെ ശൈലിയുള്ള ഒരു ടീമിനെ നേരിടുമ്പോള്‍ ഐഎസ്എല്ലിലെ പ്രകടനം ചിലപ്പോള്‍ മതിയാകില്ലെന്നും അദേഹം തുറന്നടിച്ചു. അതു പോലെ തന്നെ ഇന്ത്യയേക്കാള്‍ മികച്ച ടീമുകള്‍ക്കെതിരെ ചിലപ്പോള്‍ ലോംഗ് ബോള്‍ കൊണ്ടു തന്നെ കളിക്കേണ്ടി വരും. അപ്പോള്‍ അതിനു യോജിച്ച കളിക്കാരെ തെരഞ്ഞെടുക്കും.
ബാഴ്‌സലോണയെ പോലൊരു കളി ഇന്ത്യന്‍ ടീമില്‍ നിന്നും പ്രതീക്ഷിക്കുന്നത് മോശമാണ്. ചിലരെ ടീമിലുള്‍പ്പെടുത്താത്തത് തന്റെ ഫിലോസഫിക്ക് അനുസരിച്ചല്ല അവരുടെ കേളീശൈലി കൊണ്ടു തന്നെയാണെന്ന് കോണ്‍സ്റ്റന്റെന്‍ പറഞ്ഞു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കെനിയ, ചൈനീസ് തായ്‌പേയ്, ന്യൂസിലാന്റ് എന്നിവരാണ് പങ്കെടുക്കുന്ന മറ്റു രാജ്യങ്ങള്‍
Saturday, 12 May 2018
ഫുട്‌ബോള്‍ ടീം തെരഞ്ഞെടുപ്പ്; ഇന്ത്യ ജര്‍മ്മനിയെ മാതൃകയാക്കണമെന്ന് ഗോകുലം കോച്ച്
ജൂണ്‍ ഒന്നു മുതല്‍ മുംബൈയില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിന് മുന്നോടിയായുള്ള പരീശീലന ക്യാമ്പിലേക്ക് 30 അംഗ ടീമിനെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ കഴിഞ്ഞ ദിവസാണ് തെരഞ്ഞെടുത്തത്. എന്നാല്‍ മികച്ച പ്രകടനം നടത്തുന്ന ചില താരങ്ങളെ 30 അംഗ ടീമില്‍ പോലും പരിഗണിക്കാതിരുന്ന ഇന്ത്യന്‍ കോച്ചിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ചെന്നൈ സിറ്റിയില്‍ നിന്ന് ജംഷഡ്പൂരിലേക്ക് കൂടുമാറിയ മൈക്കല്‍ സുസയ്‌രാജ്, ഡല്‍ഹി ഡൈനാമോസ് താരം ലാലിയന്‍സുവാല ചാംഗ്‌തേ, എഫ് സി പൂനെ സിറ്റി താരം ആദില്‍ ഖാന്‍ തുടങ്ങിയവര്‍ക്ക് ടീമില്‍ സ്ഥാനം നല്‍കാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം ഇല്ലാതാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോകുലം കേരള കോച്ച് ബിനോ ജോര്‍ജ്ജ്. ജര്‍മ്മന്‍ കോച്ച് ജോച്ചിം ലോയെ ഇക്കാര്യത്തില്‍ ഇന്ത്യ മാതൃകയാക്കണമെന്നാണ് ബിനോ ജോര്‍ജ്ജിന്റെ അഭിപ്രായം.
‘ ഇന്റര്‍കോണ്ടിനല്‍ കപ്പില്‍ മികച്ച ടീമിനെ തന്നെ കളത്തിലിറക്കണം, അതില്‍ സംശയമില്ല, നല്ല സ്‌ക്വാഡിനെ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്, ആഷിഖ് കുരുണിയനെ പോലുള്ള യുവതാരങ്ങളെ ടീമിലെത്തിച്ചത് വളരെ നല്ല കാര്യമാണ്, എന്നാല്‍ ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നമ്മുക്ക് ഒരു ബി ടീം കൂടി ആവശ്യമാണ്, നമുക്ക് ഐ ലീഗില്‍ നിന്നും ഐ എസ് എല്ലില്‍ നിന്നുമായി അത്രയധികം താരങ്ങളുണ്ട്, അതു കൊണ്ട് തന്നെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ ബി ടീം കൂടി ആവശ്യമാണ്’ – ബിനോ ജോർജ്ജ് പറഞ്ഞു
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇത് പുതിയ കാര്യമല്ല, നേരത്തെ ജര്‍മ്മന്‍ ടീം ഇത് പരീക്ഷിച്ചതാണ്, കഴിഞ്ഞ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിച്ചത് യഥാര്‍ത്ഥത്തില്‍ ജര്‍മ്മനിയുടെ ബി ടീമായിരുന്നു, ബി ടീമിന് മികച്ച അവസരങ്ങള്‍ ഒരുക്കി അതില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സീനിയര്‍ ടീമില്‍ അവസരം നല്‍കണം’ – ഗോകുലം കോച്ച് കൂട്ടിച്ചേർത്തു. കെനിയ, ന്യൂസിലന്‍ഡ്, ചൈനീസ് തായ്‌പേയ് തുടങ്ങിയ ടീമുകളാണ് ജൂണില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ചതുര്‍രാഷ്ട്ര കപ്പില്‍ ഇന്ത്യയ്‌ക്കൊപ്പം കളിക്കുന്നത്. ഏഷ്യാ കപ്പിന് മുന്നോടിയായി മികച്ച ടീമുകളെ നേരിടാനുള്ള അവസരമായാണ് ഇന്ത്യ ടൂര്‍ണ്ണമെന്റിനെ കാണുന്നത്.
Monday, 7 May 2018
ദക്ഷിണാഫ്രിക്ക പിന്മാറി, ഇന്റർകോണ്ടിനന്റൽ കപ്പിന് കെനിയ
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജൂൺ ഒന്ന് മുതൽ പത്ത് വരെ നടത്താനിരിക്കുന്ന ഇന്റർകോണ്ടിനന്റൽ ചതുർരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ നിന്ന് ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്ക പിന്മാറി. വരുന്ന ജൂലൈയിൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന കൊസാഫ കപ്പ് ടൂർണമെന്റിന്റെ തയ്യാറെടുപ്പുകൾക്ക് സമയം ആവശ്യമായതിനാലാണ് ടൂർണമെന്റിൽ നിന്നുള്ള അവരുടെ പിന്മാറ്റം. ദക്ഷിണാഫ്രിക്ക പിന്മാറ്റം പ്രഖ്യാപിച്ചതോടെ ആഫ്രിക്കൻ ടീം തന്നെയായ കെനിയയാകും പകരം ചതുർ രാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനെത്തുക. ഫിഫ റാങ്കിംഗിൽ 113-ം സ്ഥാനത്തുള്ള രാജ്യമാണ് കെനിയ.
അടുത്ത വർഷം യു.എ.ഇ യിൽ നടക്കുന്ന ഏഷ്യാകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇന്റർകോണ്ടിനന്റൽ കപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കും, കെനിയയ്ക്കും പുറമേ ന്യൂസിലൻഡും, ചൈനീസ് തായ്പേയിയുമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റ് ടീമുകൾ. ലോകകപ്പിൽ പങ്കെടുത്ത് പരിചയമുള്ള ന്യൂസിലൻഡാണ് ടൂർണമെന്റിലെ ഫേവറിറ്റുകൾ.
അടുത്ത മാസം ഒന്നാം തീയതി മുതൽ പത്താം തീയതി വരെ മുംബൈയിലാണ് ഇന്റർകോണ്ടിനന്റൽ കപ്പ് നടക്കുക. നാല് ടീമുകളും ഓരോ തവണ വീതം പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയിന്റ് നേടുന്ന ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടുന്ന രീതിയിലാണ് ഇതിന്റെ മത്സരക്രമം. ദക്ഷിണാഫ്രിക്കയുടെ പിന്മാറ്റം ടൂർണമെന്റിന്റെ ക്ഷോഭ കുറക്കുമെങ്കിലും കെനിയയും മികച്ച പോരാട്ടം കാഴ്ച്ചവെക്കാൻ കെൽപ്പുള്ള ടീമാണെന്നതിനാൽ മത്സരങ്ങളെല്ലാം ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് മികച്ച അനുഭവമായിരിക്കുമെന്ന് വ്യക്തം.
