Wednesday 21 March 2018

വീണ്ടും പെയ്സ്– ബൊപ്പണ്ണ ടീം

ന്യൂഡൽഹി ∙ സിലക്‌ഷനിൽ താരങ്ങളുടെ കൈകടത്തൽ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം നൽകി, റോഹൻ ബൊപ്പണ്ണയുടെ എതിർപ്പവഗണിച്ചു ലിയാൻഡർ പെയ്സിനെ ഡേവിസ് കപ്പ് ടീമിലുൾപ്പെടുത്താൻ അഖിലേന്ത്യാ ടെന്നിസ് അസോസിയേഷൻ തീരുമാനിച്ചു. യുകി ഭാംബ്രി, രാംകുമാർ രാമനാഥൻ, സുമിത് നാഗൽ, ബൊപ്പണ്ണ, പെയ്സ് എന്നിവരെയാണ് ചൈനയ്ക്കെതിരെ അടുത്ത മാസം ആറിന് തുടങ്ങുന്ന മൽസരത്തിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയത്. ലോകഗ്രൂപ്പ് പ്ലേ ഓഫിൽ കാനഡയ്ക്കെതിരെ മോശം പ്രകടനം നടത്തിയ പുരവ് രാജയെ ടീമിൽനിന്നൊഴിവാക്കി.

ലിയാൻഡർ പെയ്സിന് അവസരം നൽകാൻ ടീമിൽ നിന്നു മാറിനിൽക്കാൻ ബൊപ്പണ്ണ താൽപര്യം പ്രകടിപ്പിച്ചുവെന്നു കാട്ടി നോൺ പ്ലേയിങ് ക്യാപ്റ്റൻ മഹേഷ് ഭൂപതി സിലക്‌ഷൻ കമ്മിറ്റി ചെയർമാനു കത്ത് നൽകിയിരുന്നു.

പെയ്സിനൊപ്പം കളിക്കാൻ തയാറല്ലെന്ന് ഒരിക്കൽകൂടി വ്യക്തമാക്കുകയായിരുന്നു ബൊപ്പണ്ണ. എന്നാൽ പെയ്സിനെയും ബൊപ്പണ്ണയെയും ടീമിലുൾപ്പെടുത്തിയാണു സിലക്‌ഷൻ കമ്മിറ്റി മറുപടി നൽകിയത്. ഇതോടെ ടീമിൽ കളിക്കണോയെന്ന കാര്യത്തിൽ ബൊപ്പണ്ണ തീരുമാനമെടുക്കേണ്ട സ്ഥിതിയായി.

എന്നാൽ ആ തീരുമാനം ഏറെ എളുപ്പമാകില്ലെന്നാണു ടെന്നിസ് അസോസിയേഷൻ നൽകുന്ന സൂചന. സർക്കാരിൽനിന്നു ധനസഹായം സ്വീകരിക്കുന്ന ബൊപ്പണ്ണയ്ക്കു ബഹിഷ്കരണ തീരുമാനത്തിലെ ഭവിഷ്യത്തും ആലോചിക്കേണ്ടിവരുമെന്ന് അസോസിയേഷനിലെ ഉന്നതൻ വ്യക്തമാക്കി.

‘‘ വ്യക്തിപരമായ കാരണങ്ങൾകൊണ്ടു രാജ്യത്തിനു വേണ്ടി കളിക്കാൻ തയാറല്ലെങ്കിൽ, അത്തരം താരങ്ങളെ സർക്കാർ ഗ്രാന്റിനു വേണ്ടി പിന്തുണയ്ക്കാൻ അസോസിയേഷനു കഴിയില്ല. ഒരു വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് ഇന്ത്യയ്ക്കു വേണ്ടി കളിക്കേണ്ടിവരുന്നത്. വെറും രണ്ടാഴ്ച അവർക്ക് വ്യക്തിപരമായ അജൻഡകൾ മാറ്റിവയ്ക്കാൻ കഴിയില്ലേ ? ’’– അദ്ദേഹം ചോദിച്ചു.

ആറു വർഷം മുൻപു തുടങ്ങിയതാണു ബൊപ്പണ്ണ – പെയ്സ് പോര്. ലണ്ടൻ ഒളിംപിക്സിനു മുന്നോടിയായി പെയ്സ്–ബൊപ്പണ്ണ സഖ്യം എടിപി ടൂറിൽ കളിക്കണമെന്നായിരുന്നു ധാരണ. എന്നാൽ പെയ്സിനൊപ്പം കളിക്കാൻ ബൊപ്പണ്ണ വിസമ്മതിച്ചു.

അതോടെ ബൊപ്പണ്ണയ്ക്ക് മഹേഷ് ഭൂപതി പങ്കാളിയായി. പെയ്സും വിഷ്ണു വർധനും മറ്റൊരു ടീം. മിക്സ്ഡ് ഡബിൾസിൽ പെയ്സും സാനിയ മിർസയുമായിരുന്നു ടീം. പെയ്സിനൊപ്പം കളിക്കുന്നതിൽ സാനിയയും എതിർപ്പു പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം ഉസ്ബെക്കിസ്ഥാനെതിരായ മൽസരത്തിനുള്ള ഇന്ത്യൻ ടീമിൽനിന്നൊഴിവാക്കപ്പെട്ട പെയ്സ് സിലക്‌‌ഷൻ കമ്മിറ്റിയുടെ തീരുമാനത്തോട് അനുകൂലമായി പ്രതികരിച്ചു. ബൊപ്പണ്ണയ്ക്കൊപ്പം കളിക്കാൻ മടിയില്ലെന്നും പെയ്സ് വ്യക്തമാക്കി.

‘‘ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുന്നതിൽ സന്തോഷം. കഠിനാധ്വാനം നടത്തിയ ഞാൻ റാങ്കിങ്ങിലും മുന്നേറിയിട്ടുണ്ട്. റോഹനുമൊത്തു കളിക്കുന്നതിനായി കാത്തിരിക്കുന്നു.

നല്ലൊരു ടീമായി മാറാനാവുമെന്നുറപ്പുണ്ട്. റോഹന്റെ മികവിനെ ഞാൻ അംഗീകരിക്കുന്നു.’’– പെയ്സ് പറഞ്ഞു.

No comments:

Post a Comment