Saturday 31 March 2018

ഫുട്ബോൾ ലഹരി മാറുന്നതിന് മുൻപ് ക്രിക്കറ്റ് ലഹരിയിലേക് ഇന്ത്യ

ട്വന്റി 20 ക്രിക്കറ്റിന്റെ പൂരക്കാലത്തിന് ഇനി ഒരാഴ്ചത്തെ കാത്തിരുപ്പ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാം പതിപ്പിന് ഈ മാസം ഏഴിനു ‘ടോസ്’ ഉയർന്നുവീഴും. ഉദ്ഘാടന മൽസരം നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും വിലക്ക് മാറിയെത്തുന്ന ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ. വേദി മുംബൈ വാങ്കഡെ സ്റ്റേഡിയം. ഇതേ സ്റ്റേഡിയത്തിൽ മേയ് 27നു കലാശപ്പോരാട്ടം. മധ്യവേനലവധിക്കാലത്തെ 51 ദിനരാത്രങ്ങൾ ക്രിക്കറ്റിന്റെ ‘കോക്ക്ടെയ്ൽ’ പോരാട്ടങ്ങളുടേതാണ്. എട്ടു ടീമുകൾ, 60 മൽസരങ്ങൾ. പത്തു രാജ്യങ്ങളിൽ നിന്നായി 187 താരങ്ങളാണു ക്രിക്കറ്റ് ലോകത്തേറ്റവും തിളക്കമുള്ള ലീഗിന്റെ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്. 

റോയൽസ് ആൻഡ് കിങ്സ്

പ്രീമിയർ ലീഗിലെ ‘വില’ പിടിപ്പുള്ള ടീമുകളായ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും രണ്ടുവർഷത്തെ വിലക്ക് മാറിത്തിരിച്ചെത്തുന്നതു തന്നെയാണ് ഈ സീസണിലെ ഹൈലൈറ്റ്. ഇടക്കാല സാന്നിധ്യങ്ങളായി പോയ വർഷങ്ങളിൽ ലീഗിൽ ഇടംനേടിയ പുണെ സൂപ്പർ ജയന്റ്സും ഗുജറാത്ത് ലയൺസും കളംവിട്ടു. പഴയ മുഖങ്ങളിൽ അശ്വിനൊഴികെയുള്ള പ്രമുഖരെ നിരത്തിയാണു ചെന്നൈയുടെ മടക്കം. നായകൻ ധോണി തന്നെ. ഒപ്പം റെയ്നയും ജഡേജയും ഡുപ്ലസിയും ബ്രാവോയും പോലുള്ളവരുമുണ്ട്. റോയൽസിനു തിരിച്ചുവരവിൽ മുൻപത്തേതിനേക്കാൾ പ്രതാപം. രഹാനെയും സഞ്ജുവും ബിന്നിയും കുൽക്കർണിയുമെല്ലാം തിരിച്ചെത്തുന്ന നീലപ്പടയിൽ ഇക്കുറി കുട്ടിക്രിക്കറ്റിലെ സെൻസേഷനൽ താരങ്ങളുടെ സാന്നിധ്യമുണ്ട്. സ്റ്റോക്സും ഷോർട്ടും ബട്‌ലറും ആർച്ചറുമെല്ലാമാണ് റോയൽസിലെ ‘അപ്രതീക്ഷിത’ ആയുധങ്ങൾ. 

ഇന്ത്യൻ നായകരുടെ ലീഗ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുത്തൻ പതിപ്പ് ഇന്ത്യൻ ക്യാപ്റ്റൻമാരുടേതു കൂടിയാണ്. എട്ടു ടീമുകളിൽ ഏഴു ടീമിലും ഇന്ത്യൻ താരങ്ങളാണു തലപ്പത്ത്. പത്തു വർഷം മുൻപ് ഐക്കൺ പദവിയുള്ള ഇന്ത്യൻ താരങ്ങളുമായി ലീഗ് ആരംഭിക്കുമ്പോൾപോലും ഇത്രയേറെ‘നാടൻ’ നായകരെ പരീക്ഷിക്കാൻ ഫ്രാഞ്ചൈസികൾ തയാറായിട്ടില്ല. ഒൻപത് ലീഗുകളിൽ നായകനായി ഇറങ്ങിയ മഹേന്ദ്ര സിങ് ധോണി മുതൽ നവാഗതനായ അജിൻക്യ രഹാനെ വരെയുള്ളവർ ഈ സീസണിൽ വിവിധ ടീമുകളുടെ ക്യാപ്റ്റനാകും. ഹൈദരാബാദ് സൺറൈസേഴ്സ് മാത്രമാണ് വിദേശ ക്യാപ്റ്റനു കീഴിലെത്തുക. പന്തിൽ കൃത്രിമം കാട്ടിയതിനു വിലക്ക് നേരിട്ട ഡേവിഡ് വാർണർക്കു പകരം കിവീസ് നായകൻ കെയ്ൻ വില്യംസൺ ഹൈദരാബാദിനെ നയിക്കും. ഇതേ കുറ്റത്തിനു സ്ഥാനം പോയ സ്റ്റീവ് സ്മിത്തിനു പകരമായാണ് റോയൽസ് തലപ്പത്തേയ്ക്കുള്ള രഹാനെയുടെ വരവും. 

പരിഷ്കാരങ്ങളുടെ ലീഗ്

അംപയറിങ്ങിലും പുതിയ പരീക്ഷണങ്ങൾക്കു തുടക്കമിടുകയാണ് ഇക്കുറി ഇന്ത്യൻ പ്രീമിയർ ലീഗ്. ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്) ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ ഐപിഎല്ലിന്റെ ഭാഗമാകും. രാജ്യാന്തര ട്വന്റി 20 മൽസരങ്ങളിൽ ഐസിസി അടുത്തിടെ ഡിആർസ് നിർബന്ധമാക്കിയതിനു പിന്നാലെയാണ് ഐപിഎല്ലും ആ വഴിക്കു നീങ്ങുന്നത്. ഓരോ ഇന്നിങ്സിലും ഒരു റിവ്യൂ വീതമാണ് ടീമുകൾക്ക് അനുവദിക്കുക. തേഡ് അംപയറുടെ വിധിനിർണയത്തിനായി ബോൾ ട്രാക്കിങ്ങും അൾട്രാ എഡ്ജും പോലുള്ള സാങ്കേതിക സംവിധാനങ്ങൾ കൂടി ഈ സീസൺ മുതൽ ഐപിഎല്ലിൽ പരീക്ഷിക്കപ്പെടും. ടിവി സംപ്രേഷണത്തിലും വന്നു മാറ്റം. സ്റ്റാർ സ്പോർട്സിലാണ് ഐപിഎൽ കാണാനാവുക. 

കൂടും കൂറും മാറി

പുത്തൻ താരങ്ങളുടെ വരവിനെക്കാളേറെ ഇക്കുറി ലീഗിൽ ശ്രദ്ധിക്കപ്പെടുക കൂട് മാറിയെത്തിയ താരങ്ങളുടെ സാന്നിധ്യങ്ങളാകും. പല ടീമുകളുടെയും ‘മുഖം’ തന്നെയായി മാറിക്കഴിഞ്ഞ ചില വമ്പൻമാരെ ഇനി ഇതര ടീമുകളിൽ കാണാം. മുംബൈയുടെ മുന്നിൽ തന്നെയുണ്ടായിരുന്ന ഹർഭജൻ ഇക്കുറി ചെന്നൈയുടെ മഞ്ഞ ബ്ലേസറിലാണ്. ചെന്നൈ വിജയക്കൂട്ടിലെ അവിഭാജ്യഘടകമായിരുന്ന അശ്വിൻ ഈ വരവിൽ പഞ്ചാബിന്റെ നായകനും. റോയൽസിന്റെ സ്വന്തം വാട്സൺ തന്റെ ബദ്ധവൈരികളെന്നു വിശേഷിപ്പിച്ചിരുന്ന ചെന്നൈയുടെ ഭാഗമായപ്പോൾ ഗെയ്‌ലിന്റെ ചാലഞ്ച് ബെംഗളൂരു കടന്നു പഞ്ചാബിലെത്തി. കൊൽക്കത്തയിലെ സ്ഥിരക്കാരായ യൂസഫ് പഠാനും ഷാക്കിബ് ഹസനും ഹൈദരാബാദിനു വേണ്ടിയാണെത്തുക. ശ്രദ്ധേയമായ ചില തിരിച്ചുപോക്കുകളും ലീഗിലുണ്ട്. കൊൽക്കത്ത നായകസ്ഥാനം ഒഴിഞ്ഞു ഗൗതം ഗംഭീർ കരിയറിലെ ആദ്യ ഇടമായ ഡൽഹിയിലെത്തുന്നു. പഞ്ചാബിലെത്തിയ യുവ്‍രാജിനും ഇതാദ്യ ടീമിലേക്കുള്ള മടക്കം തന്നെ. 

അഫ്ഗാൻ തരംഗം

ശ്രീലങ്കയിൽനിന്നും ബംഗ്ലദേശിൽ നിന്നുമുള്ളതിനെക്കാൾ കൂടുതൽ ക്രിക്കറ്റർമാർ ഇക്കുറി അഫ്ഗാനിസ്ഥാനിൽനിന്ന് ഐപിഎൽ കളിക്കാനെത്തും. പാക്കിസ്ഥാൻ താരങ്ങളെ അതിർത്തിക്കു പുറത്തു നിർത്തുന്ന ലീഗിൽ ഇത്തവണ നാല് അഫ്ഗാൻ താരങ്ങളാണുള്ളത്. റാഷിദ് ഖാനെയും മുഹമ്മദ് നബിയെയും സൺറൈസേഴ്സ് നിലനിർത്തിയപ്പോൾ യുവതാരം സാഹിർ ഖാനെ രാജസ്ഥാൻ ടീമിലെടുത്തു. കിങ്സ് ഇലവനിലുള്ള മുജീബ് സദ്രാനാണു നാലാമൻ. അടുത്തിടെ ഏകദിന പദവി ലഭിച്ച നേപ്പാളിൽ നിന്നൊരു താരവും ആദ്യമായി ഇന്ത്യൻ ലീഗ് കളിക്കാനെത്തുന്നുണ്ട്. ഡൽഹി ഡെയർ ഡെവിൾസിന്റെ സ്പിന്നർ സന്ദീപ് ലമിചാനെയാണ് ആ താരം. 

LEADERS

മുംബൈ ഇന്ത്യൻസ് 

ക്യാപ്റ്റൻ: രോഹിത് ശർമ 

ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് 

ക്യാപ്റ്റൻ: വിരാട് കോഹ്‌ലി 

ഡൽഹി ഡെയർഡെവിൾസ് 

ക്യാപ്റ്റൻ: ഗൗതം ഗംഭീർ 

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 

ക്യാപ്റ്റൻ: ദിനേഷ് കാർത്തിക് 

രാജസ്ഥാൻ റോയൽസ് 

ക്യാപ്റ്റൻ: അജിൻക്യ രഹാനെ 

ചെന്നൈ സൂപ്പർ കിങ്സ് 

ക്യാപ്റ്റൻ: എം.എസ്.ധോണി 

കിങ്സ് ഇലവൻ പഞ്ചാബ് 

ക്യാപ്റ്റൻ: രവിചന്ദ്ര അശ്വിൻ 

സൺറൈസേഴ്സ് ഹൈദരാബാദ് 

ക്യാപ്റ്റൻ: കെയ്ൻ വില്യംസൺ 

KERALA @ IPL

സഞ്ജു സാംസൺ 

ടീം: രാജസ്ഥാൻ റോയൽസ്

ബേസിൽ തമ്പി 

ടീം: സൺറൈസേഴ്സ് ഹൈദരാബാദ്

സച്ചിൻ ബേബി 

ടീം: സൺറൈസേഴ്സ് ഹൈദരാബാദ്

എം.ഡി.നിധീഷ് 

ടീം: മുംബൈ ഇന്ത്യൻസ്

കെ.എം.ആസിഫ് 

ടീം: ചെന്നൈ സൂപ്പർ കിങ്സ്

എസ്.മിഥുൻ 

ടീം: രാജസ്ഥാൻ റോയൽസ്

No comments:

Post a Comment