Thursday 22 March 2018

വാഷിങ്ടൺ സുന്ദർ.. സുന്ദരമായ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ തരഗമായി മാറിയ പുതിയ ഓഫ് സ്പിന്നർ.. അതി സുന്ദര൦!!

ആദ്യം ഞെട്ടിച്ചതു പേരുകൊണ്ടാണ്; വാഷിങ്ടൻ സുന്ദർ. ഇന്ത്യൻ കൗമാര ക്രിക്കറ്ററുടെ ജൻമനാടായ തമിഴ്നാട്ടിലെ ട്രിപ്ലിക്കെയ്നിൽ അങ്ങനെയൊരു സ്ഥലമില്ല. അമേരിക്കയിലെ വാഷിങ്ടനിലേക്ക് താരം ഇതുവരെ പോയിട്ടുമില്ല. പണ്ട് കൊടിയ ദാരിദ്ര്യത്തിനിടയിലും സുന്ദറിന്റെ കുടുംബത്തിനു താങ്ങായി നിന്ന ഒരു മുൻ ജവാന്റെ പേരാണത്.

ആദ്യം പിറന്ന കുഞ്ഞിന് അദ്ദേഹത്തിന്റെ പേരു തന്നെ നൽകി കടം വീട്ടി. പേരിലെ വൈവിധ്യം പന്തുകളിലും സൂക്ഷിക്കുന്ന ഈ പതിനെട്ടുകാരനെക്കുറിച്ചാണ് ഇപ്പോൾ‌ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ചർച്ച മുഴുവൻ. കൈക്കുഴ സ്പിന്നർമാരോടു പിടിച്ചുനിൽക്കാനാകാതെ തമിഴ്നാട്ടുകാരൻ രവിചന്ദ്ര അശ്വിൻ പുറത്തിരിക്കുമ്പോൾ മറ്റൊരു തമിഴ്നാട് ഓഫ് സ്പിന്നർ പതിനെട്ടാം വയസ്സിൽ‌ സീനിയർ ജഴ്സിയിൽ ടൂർണമെന്റിലെ തന്നെ താരമായി.
ഓൾറൗണ്ടറാണ് വാഷിങ്ടൻ സുന്ദർ. പക്ഷേ ബാറ്റിങ്ങിൽ ഒന്നു പരീക്ഷിക്കപ്പെടുന്നതിനു മുൻപേ ഓഫ് സ്പിന്നറായി പേരെടുത്തു. ട്വന്റി20യിൽ മികച്ച റെക്കോർഡുള്ള യുസ്‌‍വേന്ദ്ര ചാഹൽ ടീമി‍ൽ നിൽക്കുമ്പോഴും വാഷിങ്ടനായിരുന്നു നിദാഹാസ് ട്രോഫിയിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ മുഖ്യായുധം. ടൂർണമെന്റിൽ നേടിയ എട്ടുവിക്കറ്റുകളിൽ മാത്രമൊതുങ്ങുന്നതല്ല മികവ്. ഇന്ത്യയ്ക്കായി എല്ലാ മൽസരവും കളിച്ച താരം ആകെയെറിഞ്ഞത് 120 പന്തുകൾ.

വഴങ്ങിയത് 114 റൺസും!. വെടിക്കെട്ടു ബാറ്റ്സ്മാൻമാർ അരങ്ങുവാഴുന്ന ട്വന്റി20യിൽ ആറു റൺസിൽ‌ താഴെ ഇക്കോണമിയിൽ പന്തെറിഞ്ഞു എന്നതാണ് വലിയ നേട്ടം. വാഷിങ്ടൻ എറിഞ്ഞ 78 പന്തുകളും പവർപ്ലേ ഓവറുകളിലായിരുന്നു എന്നതും ശ്രദ്ധേയം. ഈ സീസണിലെ ഐപിഎല്ലിൽ 3.2 കോടി മുടക്കി ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് വാഷിങ്ടനെ സ്വന്തമാക്കിയത് വെറുതെയല്ല !

ടൂർണമെന്റിലെ മികവ് റാങ്കിങ്ങിലും വാഷിങ്ടന് വൻ കുതിപ്പ് സമ്മാനിച്ചു. ട്വന്റി20 ബോളർമാരിൽ ലോകത്ത് 182–ാം സ്ഥാനത്തായിരുന്ന താരം ഇപ്പോൾ 31–ാം റാങ്കിലാണ്. ‘കൂടുതൽ പുതുമുഖങ്ങളുമായെത്തിയ  ഇന്ത്യയ്ക്ക് ടൂർണമെന്റിൽ മേൽക്കൈ നൽകിയത് വാഷിങ്ടൻ സുന്ദറാണ്’. ഫൈനലിനൊടുവിൽ ബംഗ്ലദേശ് ക്യാപ്റ്റൻ ഷക്കീബ് അൽ–ഹസൻ പറഞ്ഞതിങ്ങനെ. പ്രായത്തിലും പ്രതിഭയിലും കുറേയേറെ മുന്നിലെത്തുമ്പോൾ ലഭിക്കേണ്ട അഭിനന്ദന വാക്കുകളാണ് ഒരൊറ്റ ടൂർണമെന്റിനിടയിൽ‌ കൗമാരതാരത്തിനു നേടിക്കൂട്ടിയത്.

ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ വാഷിങ്ടൻ ഇനി മൽസരിക്കേണ്ടത് കുൽദീപ് യാദവ്, അക്സർ പട്ടേൽ, യുസ്‍വന്ദ്ര ചാഹൽ എന്നീ യുവതാരങ്ങളോടാണ്. അവിടെ ബാറ്റിങ്ങിലെ അധിക മികവ് ഈ തമിഴ്നാട്ടുകാരന് ബോണസ് മാർക്ക് നൽകും

No comments:

Post a Comment