Wednesday 14 March 2018

സൂപ്പര്‍ കപ്പ് വിജയികള്‍ക്കുളള സമ്മാനത്തുക പ്രഖ്യാപിച്ചു-വീണ്ടും പ്രതിസന്ധി

സൂപ്പര്‍ കപ്പ് വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനുമുളള സമ്മാനത്തുക പ്രഖ്യാപിച്ചു. കിരീട വിജയികള്‍ക്ക് 25 ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് 15 ലക്ഷം രൂപയുമാണ് ലഭിക്കുക. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതെസമയം സൂപ്പര്‍ കപ്പിനുളള സമ്മാനത്തുക തീരെ കുറഞ്ഞ് പോയെന്ന് സംസാരമുണ്ട്. 25 ലക്ഷം രൂപ ലഭിക്കാന്‍ വേണ്ടി ടീമുകള്‍ വന്‍ സാമ്പത്തിക ഭാരം ചുമക്കേണ്ടി വരുന്നുവെന്നാണ് പറയുന്നത്.
നേരത്തെ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് കാണിച്ച് ഐലീഗ് ചാമ്പ്യന്‍മാരായ മിനര്‍വ്വ പഞ്ചാബ് സൂപ്പര്‍ കപ്പില്‍ നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. താരങ്ങളുടെ ചെലവും സൂപ്പര്‍ കപ്പ് സമ്മാനത്തുകയും തമ്മിലുളള അന്തരമാണ് ഐലീഗ് ക്ലബിനെ കൊണ്ട് കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചില്ലെന്നും സൂപ്പര്‍ കപ്പ് ബഹിഷ്‌കരിക്കുകയാണെങ്കില്‍ നടപടികളുണ്ടാവും എന്നുമാണ് ഫുട്ബോള്‍ ഫെഡറേഷന്റെ നിലപാട്. ' മിനര്‍വ്വയില്‍ നിന്ന് ഒരു കത്ത് ലഭിച്ചിരുന്നു, സൂപ്പര്‍ കപ്പില്‍ കളിക്കുന്നതിന് ചില സാമ്പത്തിക പ്രതിസന്ധികളുണ്ടെന്നും സാമ്പത്തികമായ സബസിഡി അനുവദിക്കാന്‍ കഴിയുമോയെന്നുമാണ് ആ കത്തില്‍ എഴുതിയിരുന്നത്, സൂപ്പര്‍ കപ്പ് കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് തന്നെയാണ് അവര്‍ കത്തില്‍ വ്യക്തമാക്കിയത്,' എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി പറഞ്ഞു. 
എല്ലാവര്‍ഷവും ഐ ലീഗിലും മറ്റ് ടൂര്‍ണ്ണമെന്റുകളിലും കളിക്കുന്നതിന് എ ഐ എഫ് എഫ് ക്ലബുകള്‍ക്ക് 45 ലക്ഷം രൂപ അനുവദിച്ച് നല്‍കാറുണ്ട്. ഇത്തവണ അത് 70 ലക്ഷമായി ഉയര്‍ത്തിയിരുന്നു. എന്നിട്ടും സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.
മാത്രമല്ല, ഫിഫ റെഗുലേഷന്‍ അനുസരിച്ച് ടീമുകള്‍ താരങ്ങളുമായി മെയ് 31 വരെയാണ് കരാറിലേര്‍പ്പെടുന്നത്. പരസ്പര ധാരണയോടെ മാത്രമാണ് ഈ കരാര്‍ അവസാനിപ്പിക്കാറുള്ളത്. പിന്നെ എന്തു കൊണ്ടാണ് രണ്ടു മാസത്തേക്ക് വീണ്ടും കരാര്‍ വേണമെന്ന് ക്ലബ് പറയുന്നതെന്നാണ് ഫുട്ബോള്‍ ഫെഡറേഷന്റെ ചോദ്യം.
നിലവില്‍ മാര്‍ച്ച് 15, 16 തീയ്യതികളില്‍ യോഗ്യതാ മത്സരങ്ങളും മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കുമെന്നാണ് ഫെഡറേഷന്‍ അറിയിച്ചിട്ടുള്ളത്.

No comments:

Post a Comment