Friday 30 March 2018

സൂപ്പർ താരം ഗോകുലം വിടുന്നു. കനത്ത തിരിച്ചടി നേരിട്ട് ഗോകുലം എഫ് സി

തുടക്കകാരായ ഗോകുലം കേരളക്ക് ഐ ലീഗ് സീസണിന്റെ ആദ്യഘട്ടം അത്ര മികച്ചതായിരുന്നില്ല. മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം കേരള ടീമിന്റെ മൊത്തം പ്രകടനത്തെയും ബാധിച്ചിരുന്നു. കാമോ ബായിക്കേറ്റ പരിക്കും ഒഡാഫോ ഒക്കിലിയുടെ ഫോമില്ലായ്മയും കേരളത്തിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചിരുന്നു. ഒടുവില്‍ സീസണ്‍ പകുതിയായപ്പോഴാണ് വിയറ്റ്നാം ലീഗില്‍ നിന്നും അതിനൊരു പരിഹാരം പരിശീലകന്‍ ബിനോ ജോര്‍ജ് കണ്ടെത്തിയത്.

തന്റെ കരിയറിന്റെ ഭൂരിഭാഗവും വിയറ്റ്നാമീസ് ലീഗിലാണ് ഉഗാണ്ടന്‍ താരം ഹെന്റി കിസേക്ക ചിലവഴിച്ചത്. എന്നാല്‍ ഇന്ത്യയിലെ ആദ്യ സീസണ്‍ തന്നെ ഉജജ്വലമാക്കാന്‍ താരത്തിനു കഴിഞ്ഞു എന്നു നിസംശയം പറയാം. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ഗോകുലം കേരളയുടെ കരുത്ത് കിസേക്കയായിരുന്നു. കൊല്‍ക്കത്തന്‍ ശക്തികളായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും ഐ ലീഗ് ജേതാക്കള്‍ മിനര്‍വ്വ പഞ്ചാബിനെയും ഗോകുലം മുട്ടു കുത്തിച്ചു.

എന്നാല്‍ അടുത്ത സീസണില്‍ ടീമില്‍ തന്നെ തുടരുമെന്ന കാര്യത്തില്‍ ഒരുറപ്പും ഉഗാണ്ടന്‍ താരം നല്‍കിയില്ല. മറ്റു ക്ലബുകളില്‍ നിന്നുള്ള ഓഫാറുകളെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ ഗോകുലം കേരളയുടെ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്കു മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്ന് കിസേക്ക പറഞ്ഞു. ഏപ്രില്‍ ഒന്നിന് ഐഎസ്എല്‍ റണ്ണര്‍ അപ്പ് ബംഗളൂരുവിനെതിരെയാണ് ഗോകുലത്തിന്റെ മത്സരം.

ഇന്ത്യ മികച്ച അനുഭവമാണ് നല്‍കിയതെന്നു പറഞ്ഞ താരം ഇന്ത്യയില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നു വെളിപ്പെടുത്തി. ഗോകുലം കേരളയിലെത്തിയ ശേഷം നാലു മത്സരങ്ങളില്‍ നിന്നും ഏഴു ഗോളുകളാണ് താരം നേടിയത്. അതില്‍ മൂന്നു ഗോളുകള്‍ കരുത്തരായ മോഹന്‍ ബഗാനും മീനര്‍വ്വ പഞ്ചാബിനുമെതിരെയായിരുന്നു. അടുത്ത സീസണില്‍ കിസേക്കയെ ടീമില്‍ നിന്നും നഷ്ടപ്പെടുകയാണെങ്കില്‍ ഗോകുലത്തിനത് കനത്ത തിരിച്ചടിയായിരിക്കും.

SIL MEDIA
South India Live

No comments:

Post a Comment