Friday 30 March 2018

കുറ്റം ഏറ്റു പറഞ്ഞു..ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല!!!?

 ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടി വിവാദത്തിലായ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജഴ്‌സി അണിയുന്നത് അവസാനിപ്പിക്കുന്നു. പന്തു ചുരണ്ടല്‍ വിവാദത്തില്‍ പെട്ടതിന് മാപ്പു പറഞ്ഞതിന് പിന്നാലെ 12 മാസ വിലക്ക് പൂര്‍ത്തിയായാലും താന്‍ ഇനി ഓസ്‌ട്രേലിയയ്ക്ക് കളിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജൂനിയര്‍ താരം ബെന്‍ക്രോഫ്റ്റിനെ കൊണ്ട് പന്ത് ചുരണ്ടിപ്പിച്ചത് വാര്‍ണറാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെ താരത്തിനെതിരേ സഹകളിക്കാര്‍ രംഗത്ത് വന്നിരുന്നു.
സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വാര്‍ണര്‍ തീരുമാനം പ്രഖ്യാപിച്ചത്. 'നീതീകരിക്കാനാകാത്ത പ്രവര്‍ത്തി' എന്നായിരുന്നു സ്വന്തം തെറ്റിനെ വാര്‍ണര്‍ വിശേഷിപ്പിച്ചത്. എഴുതിക്കൊണ്ടു വന്ന പ്രസ്താവന കണ്ണീരോടും വിതുമ്പിയുമായിരുന്നു വാര്‍ണര്‍ വായിച്ചത്. രാജ്യത്തിന് വീണ്ടും കളിക്കാന്‍ നേരിയ പ്രതീക്ഷ ബാക്കിയുണ്ടെങ്കിലും മുമ്പ് സംഭവിച്ച തരം കാര്യങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ ഓസ്‌ട്രേിയന്‍ ടീമില്‍ നിന്നും താന്‍ രാജി വെയ്ക്കുന്നതായി താരം പറഞ്ഞു. വരുന്ന ആഴ്ചകളും മാസങ്ങളും ഇത്തരത്തില്‍ ഒന്ന് എങ്ങിനെ സംഭവിച്ചെന്ന് പരിശോധിക്കും. കാര്യക്ഷമമായ ഒരു മാറ്റത്തിന് വേണ്ടി വിദഗ്‌ദ്ധോപദേശം തേടുമെന്നും താരം പറഞ്ഞു.
''ഒരു തെറ്റായ തീരുമാനമെടുത്ത് ഞങ്ങള്‍ രാജ്യത്തെ അപമാനപ്പെടുത്തി. അതില്‍ ഞാന്‍ എന്റെ പങ്ക് നിര്‍വ്വഹിക്കുകയും ചെയ്തു. '' ദക്ഷിണാഫ്രിക്കയില്‍ ഞാന്‍ കൂടി പങ്കാളിയാകേണ്ട നാലാം ടെസ്റ്റ് മത്സരത്തില്‍ എന്റെ കൂട്ടുകാര്‍ കളിക്കുമ്പോള്‍ കൂട്ടുകാര്‍ കുടുംബാംഗങ്ങള്‍, അറിയാവുന്നവര്‍ എന്നിവരെയെല്ലാം നോക്കാന്‍ പോലും ബുദ്ധിമുട്ടി ഏറെ കഷ്ടപ്പെട്ടാണ് ഇവിടെ ഇപ്പോള്‍ ഇരിക്കുന്നത് തന്നെയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ തുടങ്ങിയിരിക്കുന്ന അന്വേഷണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറയേണ്ടത് പറയുശമന്നും സംഭവത്തിന്റെ തന്റെ പങ്കിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഏറ്റെടുക്കുന്നെന്നും താരം പറഞ്ഞു.
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈകാരികമായിട്ടായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. വ്യാഴാഴ്ച പരിശീലക സ്ഥാനം ഒഴിയുന്നെന്ന് പ്രഖ്യാപിച്ചത് ഡാരന്‍ ലേമാനും കരഞ്ഞുകൊണ്ടായിരുന്നു. പദ്ധതിയുടെ സൂത്രധാരന്‍ വാര്‍ണറാണെന്നും സ്മിത്തിന്റെ പിന്തുണയോടെ ജൂനിയര്‍ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് നടപ്പാക്കുക മാത്രമായിരുന്നെന്നും തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നായകന്‍ സ്മിത്തിനും വാര്‍ണര്‍ക്കും ക്രിക്കറ്റ ഓസ്‌ട്രേലിയ 12 മാസത്തെ വിലക്കും ബാന്‍ക്രോഫ്റ്റിന് ഒമ്പതു മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ താരത്തിന് ഐപിഎല്‍ ടീം ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ നായക സ്ഥാനവും നഷ്ടമായിരുന്നു.
വഞ്ചനയുടെ തലമണ്ട പ്രവര്‍ത്തിപ്പിച്ചത് വാര്‍ണറാണെന്ന വിവരം പുറത്തു വന്നപ്പോള്‍ തന്നെ താരത്തിന് ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറുകള്‍ നഷ്ടമായിരുന്നു. ഇതോടെ തനിക്ക് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് നല്ലതെന്നും വാര്‍ണര്‍ പ്രതികരിച്ചിരുന്നു. ഓഡിറ്റോറിയത്തില്‍ ഇരുന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന വാര്‍ണറുടെ ഭാര്യ കാന്‍ഡിസിനും കരച്ചില്‍ അടക്കാന്‍ കഴിയുമായിരുന്നില്ല.

No comments:

Post a Comment