Wednesday 8 August 2018

എതിരാളികളായി ഫ്രാൻസും ക്രൊയേഷ്യയും ; സൂപ്പർ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കളിക്കാൻ ഇന്ത്യ

എതിരാളികളായി ഫ്രാൻസും ക്രൊയേഷ്യയും ; സൂപ്പർ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കളിക്കാൻ ഇന്ത്യ

അർജന്റീന അണ്ടർ 20 ടീമിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ അലയൊലികൾ കെട്ടടങ്ങും മുൻപ് ഇന്ത്യൻ അണ്ടർ 20 ടീമിന്റെ അടുത്ത ടൂർണമെന്റ് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ക്രൊയേഷ്യയിൽ നടക്കുന്ന ചതുർ രാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയ്ക്കും ക്രൊയേഷ്യ യ്ക്കും പുറമേ, ഫ്രാൻസ്, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടേയും അണ്ടർ 20 ടീമുകളാണ് പങ്കെടുക്കുക. അടുത്ത മാസം നാലാം തീയതിയാണ് ടൂർണമെന്റ് തുടങ്ങുക.

ഇന്ത്യൻ ഫുട്ബോൾ ടീം ഇത് വരെ നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഠിനമായ പരീക്ഷണമാകും ക്രൊയേഷ്യയിൽ നടക്കാനിരിക്കുന്ന ഈ ചതുർ രാഷ്ട്ര ടൂർണമെന്റ്. ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടിയ ഫ്രാൻസിന്റേയും, ക്രൊയേഷ്യയുടേയും ജൂനിയർ ടീമുകളോട് മത്സരിക്കാൻ പറ്റുന്നത് ഇന്ത്യൻ ഫുട്ബോളിന് ഏറെ ഗുണം ചെയ്യും. അതേ സമയം ടൂർണമെന്റിലെ മറ്റൊരു ടീമായ സ്ലൊവേനിയയുടെ സീനിയർ ടീം ഫിഫ റാങ്കിംഗിൽ അൻപത്തിയാറാം സ്ഥാനത്താണ്.

അർജന്റീനയ്ക്കെതിരെ കഴിഞ്ഞ ദിവസം 2-1 ന്റെ ജയം നേടിയ ആത്മവിശ്വാസത്തിലാകും ഇന്ത്യൻ യുവനിര ഈ ടൂർണമെന്റിനിറങ്ങുക. കരുത്തരായ എതിരാളികൾക്കെതിരെ മത്സരിക്കാൻ കഴിയുന്നത് തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ വകയുള്ള കാര്യമാണ്.

അർജന്റീനയ്ക്കെതിരെ കാഴ്ച വെച്ചത് പോലൊരു അട്ടിമറി പ്രകടനം ക്രൊയേഷ്യയിലും കാഴ്ച വെക്കാൻ ഇന്ത്യൻ യുവ ടീമിന് കഴിഞ്ഞാൽ ലോക ഫുട്ബോളിന്റെ ശ്രദ്ധ ആകർഷിക്കാൻ വീണ്ടും ഇന്ത്യൻ ഫുട്ബോളിന് സാധിക്കും. അത് കൊണ്ടു തന്നെ വലിയ തയ്യാറെടുപ്പുകളോടെയാകും ഇന്ത്യ ഈ ടൂർണമെന്റിനിറങ്ങുക. സെപ്റ്റംബർ നാലിന് ആരംഭിക്കുന്ന ചതുർരാഷ്ട്ര ടൂർണമെന്റ് ഒൻപതാം തീയതി അവസാനിക്കും.

No comments:

Post a Comment