Monday 2 July 2018

ഇന്ത്യൻ ഫുട്ബോൾ ടീ൦ ഏഷ്യൻ ഗെയി൦സിൽ ഇല്ല.. ഇന്ത്യൻ ഫുട്ബോൾ വളർച്ചയ്ക്ക് തടയിട്ട് ഒളിമ്പിക് അസോസിയേഷൻ..

ഈ വർഷം ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുക്കില്ല. ഇന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ് ) വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ എ.ഐ.എഫ്.എഫ് ജെനറൽ സെക്രട്ടറി കുശാൽ ദാസാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള അനുമതി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ നിന്ന് ലഭിച്ചില്ലെന്നും അവർക്ക് ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിൽ മത്സരിപ്പിക്കാനുള്ള യാതൊരു താല്പര്യവുമില്ലെന്നും ഇതിനാൽ ഏഷ്യൻ ഗെയിംസെന്ന സ്വപ്നം തങ്ങൾ അവസാനിപ്പിക്കുകയാണെന്നും കുശാൽ ദാസ് പറഞ്ഞു.

” ഇത്രയും നാൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമുകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ചോ, അനുമതി നിഷേധിച്ചത് സംബന്ധിച്ചോ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ നിന്ന് എ ഐ എഫ് എഫിന് യാതൊരു കത്തും ലഭിച്ചില്ല, അവസാനം ഞാൻ ഫോണിൽ അവരുമായി സംസാരിച്ചപ്പോളാണ് ഫുട്ബോൾ ടീമുകൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നൽകില്ലെന്ന് അവർ പറഞ്ഞത്. ഇക്കാര്യം നേരത്തെ പറയാനുള്ള മാന്യത പോലും അവർ കാണിച്ചില്ല‌.

എന്ത് കൊണ്ടാണ് അവർ ഫുട്ബോൾ ടീമുകൾക്ക് അനുമതി നിഷേധിക്കുന്നത് എന്ന് അറിയില്ല. 2014 ഏഷ്യൻ ഗെയിംസിന്റെ സമയം 160 ആയിരുന്നു നമ്മുടെ പുരുഷ ടീമിന്റെ റാങ്ക് എങ്കിൽ ഇപ്പോൾ എത്രയാണെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ. വളർന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ ഫുട്ബോളിന് ഇത് ശരിക്കും വലിയൊരു തിരിച്ചടിയാണ്. ഒളിമ്പിക് അസോസിയേഷന്റെ ഈ തീരുമാനം മൂലം ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾ ഇത്തവണ ഏഷ്യൻ ഗെയിംസിൽ കളിക്കാനുണ്ടാകില്ല”. അദ്ദേഹം പറഞ്ഞുനിർത്തി.

അതേ സമയം ഈ വർഷം ഓഗസ്റ്റിലെ രണ്ടാം ആഴ്ച മുതലാണ് ജക്കാർത്തയിൽ ഏഷ്യൻ ഗെയിംസ് ആരംഭിക്കുന്നത്. രാജ്യങ്ങളുടെ അണ്ടർ 23 ടീമുകൾക്കാണ് ഏഷ്യാഡിലെ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുക. ഓരോ ടീമിനും തങ്ങളുടെ 3 സീനിയർ താരങ്ങളെയും മത്സരങ്ങൾക്കായി ടീമിലെടുക്കാം. ഇന്ത്യൻ സീനിയർ ടീമിൽ നിലവിൽ കളിക്കുന്നവരിൽ പതിനൊന്നോളം പേർ അണ്ടർ 23 താരങ്ങളാണ്. അത് കൊണ്ടു തന്നെ ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ കളിക്കാൻ പറ്റിയിരുന്നെങ്കിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ടീമിന് കഴിയുമായിരുന്നെന്നാണ് പറയപ്പെട്ടിരുന്നത്.

No comments:

Post a Comment