Monday, 4 June 2018

'ഇതുപോലെ എന്നും പിന്തുണച്ചാല്‍ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ച് ഞങ്ങള്‍ കളിക്കും' ഈ രാത്രി ഏറെ പ്രിയപ്പെട്ടത്'; സുനിൽ ഛേത്രി


മുംബൈ: തന്റെ വാക്കു കേട്ട് ഗ്യാലറിയിലേക്ക് ഒഴുകിയെത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. കെനിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന് ശേഷം തന്റെ ട്വിറ്ററിലൂടെയാണ് ഛേത്രി ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. രണ്ട് ഗോളുകളുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത് നായകന്‍ തന്നെയായിരുന്നു.

‘ഇതുപോലെ എന്നും പിന്തുണച്ചാല്‍ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ച് ഞങ്ങള്‍ കളിക്കും. ഈ രാത്രി വളരെ പ്രിയപ്പെട്ടതാണ്. കാരണം നമ്മള്‍ ഒരുമിച്ചായിരുന്നു. ഗ്യാലറിയില്‍ ആരവമുയര്‍ത്തിയവര്‍ക്കും വീട്ടിലിരുന്ന് കണ്ടവര്‍ക്കും എല്ലാവര്‍ക്കും നന്ദി,’ സുനില്‍ ഛേത്രി തന്റെ ട്വീറ്റില്‍ കുറിക്കുന്നു.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മികവിലാണ് ഇന്ത്യയുടെ വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയുടെ വിജയം. സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ജെജെ ലാല്‍പെക്കൂലയാണ് ഒരു ഗോള്‍ നേടിയത്. 68ാം മിനുട്ടിലാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്. ഛേത്രിയെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍ട്ടിയാണ് ഗോളായത്.

71ാം മിനുട്ടില്‍ ജെജെയുടെ ബുള്ളറ്റ് ഷോട്ട് ഗോളിയെ കബളിപ്പിച്ച് വല തുളച്ചു. ഇഞ്ചുറി ടൈംമിലാണ് ഛേത്രിയുടെ രണ്ടാം ഗോള്‍ പിറന്നത്. നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ വിജയം. സുനില്‍ ഛേത്രിയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഇത്രയും കാണികള്‍ കലി കാണാനെത്തിയത്. ഇത്രയും നാള്‍ ഗ്യാലറിയോട് അകലം പാലിച്ചിരുന്ന ആരാധകര്‍ ഛേത്രിയുടെ വാക്കുകളില്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നു.

ഛേത്രിയിലൂടെ ഇന്ത്യൻ ഫുട്ബോളിന് ഉയിർത്തെഴുന്നേൽപ്പ്


മുംബൈ: ഇന്ത്യൻ ഫുട്ബോളിൻെറ ചരിത്രത്തിലെ സുവർണ നിമിഷങ്ങൾക്കാണ് ഞായറാഴ്ച മുംബൈയിലെ അന്ധേരി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആരവമുയർത്തി തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ഇന്ത്യ കെനിയയെ നേരിട്ടു. നായകൻ സുനിൽ ഛേത്രിക്ക് 100ാം മത്സരം.വിമർശിച്ചാലും തെറി പറഞ്ഞാലും തങ്ങളുടെ കളി കാണാൻ വരണമെന്ന ഛേത്രിയുടെ അഭ്യർഥന ഫലം കണ്ടു. മത്സരത്തിൻെറ ടിക്കറ്റുകൾ മുഴുവൻ നേരത്തെ തന്നെ വിറ്റ് തീർന്നു. തങ്ങളുടെ കളി കാണാനെത്തിയവർക്ക് ഛേത്രിയും സംഘവും ഒരുക്കിയത് അസ്സൽ വിരുന്നായിരുന്നു.68ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഛേത്രി തന്നെയാണ് ആദ്യം കെനിയയുടെ ഗോൾവല ചലിപ്പിച്ചത്. 71ാം മിനിറ്റിൽ ജേജേ ടീമിൻെറ രണ്ടാം ഗോൾ നേടി. എക്സ്ട്രാ ടൈമിൽ തകർപ്പൻ ഗോളിലൂടെ ഛേത്രി കാണികളുടെ മനം കവർന്നു. ആരാധകർക്ക് നേരെ നിന്ന് കൈ കൂപ്പി കൊണ്ടാണ്ഇന്ത്യൻ നായകൻ തൻെറ സന്തോഷം പങ്കു വെച്ചത്.അക്ഷരാർഥത്തിൽ ഇന്ത്യൻ ഫുട്ബോൾ ഉയിർത്തെണീക്കുകയാണ്. ഛേത്രി എന്ന ഫുട്ബോളർ അതിനെ മുന്നിൽ നിന്ന് നയിക്കുകയാണ്.

ആരാധകർക്ക് നന്ദി പറഞ്ഞ് സുനിൽ ഛേത്രി

ഇന്ത്യയെ പിന്തുണച്ച് സ്റ്റേഡിയത്തിൽ എത്തിയ ആയിരങ്ങൾക്ക് നന്ദി പറഞ്ഞ് സുനിൽ ഛേത്രി. ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ കെനിയക്കെതിരായ മത്സരത്തിൽ ഇന്ത്യയെ പിന്തുണക്കാൻ ആയിരങ്ങളാണ് മുംബൈ ഫുട്ബാൾ അരീനയിൽ എത്തിച്ചേർന്നത്.തന്റെ നൂറാം മത്സരം അവിസ്മരണീയമാക്കിയ ആരാധകർക്ക് മത്സര ശേഷമാണ് സുനിൽ ഛേത്രി നന്ദി രേഖപ്പെടുത്തിയത്.കനത്ത മഴയെ പോലും വകവെക്കാതെയാണ് ആരാധകർ മത്സരം കാണാൻ എത്തിച്ചേർന്നത്. കാലങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യൻ ഫുട്ബാൾ ടീം ഒരു നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ കളിക്കുന്നത്. “നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ കളിക്കുന്നത് വളരെ ശ്രേഷ്ഠമായതാണ്, നിങ്ങൾക്ക് മുന്നിൽ കളിക്കുമ്പോൾ ഞങ്ങളുടെ മുഴുവൻ കഴിവും പുറത്തേക്കാൻ ഞങ്ങൾ ശ്രമിക്കും” സുനിൽ ഛേത്രി പറഞ്ഞു.“ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും നന്ദി, നിങ്ങളുടെ ഒരു ചെറിയ പിന്തുണ പോലും ഞങ്ങൾക്ക് വളരെയേറെ ഊർജ്ജം നൽകും, നമ്മുടെ രാജ്യത്തിന് വേണ്ടി ഞങ്ങളുടെ മുഴുവൻ കഴിവും പുറത്തെടുക്കാൻ ഞാൻ തയ്യാറാണ്” സുനിൽ ഛേത്രി കൂട്ടി ചേർത്തു.നൂറാം മത്സരത്തിന് ഇറങ്ങിയ ഛേത്രിയെ മത്സരത്തിന് മുൻപ് ആദരിച്ചിരുന്നു. ഇതിഹാസ താരങ്ങളായ ബൈച്ചുങ് ബൂട്ടിയയും ഐഎം വിജയനും ചേർന്ന് ഛേത്രിക്ക് ഉപഹാരം സമ്മാനിച്ചു.

Sunday, 27 May 2018

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റില്‍ ഒത്തുകളി? ഇടനിലക്കാരനായി മുന്‍ മുംബൈ താരം


ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും ഒത്തുകളിയുടെ നിഴലില്‍. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലും, ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മില്‍ 2016 ഓഗസ്റ്റിലും നടന്ന ടെസ്റ്റ് മത്സരങ്ങളാണ് ഒത്തുകളി ആരോപണം നേരിടുന്നത്. ഈ രണ്ട് മത്സരങ്ങള്‍ക്കും വേദിയായത് ഗാലെ സ്‌റ്റേഡിയമായിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയാണ് പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ ഐ.സി.സി അന്വേഷണത്തിന് ഉത്തരവിട്ടു. 

ടെസ്റ്റ് മത്സരത്തിന്റെ പിച്ച് ഒത്തുകളിക്കാരുടെ താത്പര്യത്തിന് അനുസരിച്ച് തയ്യാറാക്കിയെന്നാണ് ആരോപണം. മുംബൈയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം റോബിന്‍ മോറിസ് ഇടനിലക്കാരനായാണ് ഈ ഒത്തുകളി നടന്നതെന്ന് അല്‍ ജസീറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സരം നടന്ന ഗാലെ മൈതാനത്തിന്റെ ചുമതലക്കാരനെ പണം നല്‍കി റോബിന്‍ വശത്താക്കുകയായിരുന്നു.  ഗാലെ സ്റ്റേഡിയത്തിലെ അസിസ്റ്റന്റ് മാനേജര്‍ തരംഗ ഇന്റിക തനിക്ക് മൈതാനം പേസിനോ, സ്പിന്നിനോ, ബാറ്റിങിനോ അനുകൂലമാക്കി മാറ്റാനാകുമെന്ന് പറയുന്നതും അല്‍ ജസീറ പുറത്തുവിട്ട വീഡിയോയിലുണ്ട്.  ഈ വര്‍ഷം ഒക്ടോബറില്‍ ഗാലെയില്‍ തന്നെ നടക്കുന്ന ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരത്തിലും ഇവര്‍ ഒത്തുകളി ആസൂത്രണം ചെയ്തതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ അംഗരാജ്യങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട അഴിമതി വിരുദ്ധ സമിതി പ്രതിനിധികളെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി ഐ.സി.സി വ്യക്തമാക്കി. ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതി ജനറല്‍ മാനേജറായ അലക്സ് മാര്‍ഷലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 26 നും 29 നും ഇടയില്‍ നടന്ന ഇന്ത്യ ശ്രീലങ്ക ആദ്യ ടെസ്റ്റ് മത്സരമാണ് അന്വേഷണത്തിന് വിധേയമാക്കുക. 

ഇന്ത്യ ആധികാരികമായി വിജയിച്ച മത്സരമായിരുന്നു അത്.  ശിഖര്‍ ധവാന്‍ 193 റണ്‍സും ചേതേശ്വര്‍ പൂജാര 153 റണ്‍സുമടിച്ച മത്സരത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 600 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ വിരാട് കോലി സെഞ്ചുറി നേടി. മൂന്നിന് 240 എന്ന നിലയില്‍ ഈ ഇന്നിങ്‌സ് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ 291 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 245 റണ്‍സും നേടിയ ലങ്ക 304 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. 

Saturday, 26 May 2018

കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി വീണു; ഷില്ലോംഗിന് യുത്ത് ലീഗ് കിരീടം


അണ്ടര്‍ 18 യൂത്ത് ലീഗ് കിരീടത്തില്‍ മുത്തമിട്ട് ഷില്ലോംഗ് ലാജോംഗ് എഫ് സി. ഷില്ലോംഗിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെയാണ് ഷില്ലോംഗ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഷില്ലോംഗിന്റെ വിജയം. കെയ്ന്‍സൈലാംഗ് ഖോംഗ്‌സിറ്റാണ് ഷില്ലോംഗിന് വേണ്ടി ഗോള്‍ നേടിയത്. ഒരു ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സംഭാവനയായിരുന്നു.

കളിയുടെ നാലാം മിനുട്ടിലാണ് നിര്‍ഭാഗ്യം ബ്ലാസ്‌റ്റേഴ്‌സ് യുവനിരയെ തേടിയെത്തിയത്. ബോക്‌സിനടുത്ത് നിന്ന് ലാജോംഗിന് ലഭിച്ച ത്രോയില്‍ നിന്നാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ബോക്‌സിനകത്തേക്ക് എത്തിയ പന്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരത്തിന്റെ കാലിത്തട്ടി വലയില്‍ കയറുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് യുവനിര കൂടുതല്‍ ഉണര്‍ന്ന് കളിക്കുന്നതാണ് കണ്ടത്. മുന്‍ മത്സരങ്ങളിലെ ഹീറോയായ കെ എസ് അബ്ദുള്ളയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ നെയ്തപ്പോള്‍ ഷില്ലോംഗ് പ്രതിരോധം അവയെല്ലാം തകര്‍ത്ത് കൊണ്ടിരുന്നു.

മറുവശത്ത് ഡോന്‍ബോക്ലാംഗ് ലിംഗ്‌ദോയാണ് ഷില്ലോംഗ് മുന്നേറ്റത്തെ നയിച്ചത്. ആദ്യ പകുതിയും രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയവും ഒരു ലീഡിന്റെ ആനുകൂല്യത്തില്‍ ഷില്ലോംഗ് കളിച്ചു. ഒടുവില്‍ ഇഞ്ചുറിടൈമില്‍ അവര്‍ ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിലേക്ക് രണ്ടാമത്തെ ഗോളും നിക്ഷേപിച്ചു. കെയ്ന്‍സൈലാംഗ് ഖോംഗ്‌സിറ്റാണ് ഷില്ലോംഗിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. അതോടെ ബ്ലാസ്‌റ്റേഴ്‌സ് പരാജയം സമ്മതിക്കുകയും ചെയ്തു. രണ്ടു ഗോള്‍ വിജയത്തോടെ ഷില്ലോംഗ് യുവനിരക്ക് അണ്ടര്‍ 18 യൂത്ത് ലീഗ് കിരീടം.

Tuesday, 22 May 2018

വിമര്‍ശകര്‍ക്കെതിരേ ഇന്ത്യന്‍ കോച്ച് ; ബാഴ്‌സലോണയെ പോലെ ഇന്ത്യ കളിക്കുമെന്ന് പ്രതീക്ഷിക്കരുത്,


അടുത്തമാസം നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ടീമിനെ ഒരുക്കുന്ന തയാറെടുപ്പിലും. അതിനിടെ കോച്ചിന്റെ ശൈലിക്കെതിരേ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഐഎസ്എല്ലില്‍ മികവ് പുലര്‍ത്തിയ കളിക്കാരെ ടീമിലെടുത്തില്ലെന്ന ആരോപണമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. ഇതിനു മറുപടിയുമായി കോണ്‍സ്റ്റന്റൈന്‍ തന്നെ രംഗത്തെത്തി.

ഞാന്‍ ഈ ടീമിനെ കൊണ്ട് മറ്റൊരു ഇന്ത്യന്‍ ടീമിനെയല്ല നേരിടാന്‍ പോകുന്നതെന്നും വേറെ ശൈലിയുള്ള ഒരു ടീമിനെ നേരിടുമ്പോള്‍ ഐഎസ്എല്ലിലെ പ്രകടനം ചിലപ്പോള്‍ മതിയാകില്ലെന്നും അദേഹം തുറന്നടിച്ചു. അതു പോലെ തന്നെ ഇന്ത്യയേക്കാള്‍ മികച്ച ടീമുകള്‍ക്കെതിരെ ചിലപ്പോള്‍ ലോംഗ് ബോള്‍ കൊണ്ടു തന്നെ കളിക്കേണ്ടി വരും. അപ്പോള്‍ അതിനു യോജിച്ച കളിക്കാരെ തെരഞ്ഞെടുക്കും.

ബാഴ്‌സലോണയെ പോലൊരു കളി ഇന്ത്യന്‍ ടീമില്‍ നിന്നും പ്രതീക്ഷിക്കുന്നത് മോശമാണ്. ചിലരെ ടീമിലുള്‍പ്പെടുത്താത്തത് തന്റെ ഫിലോസഫിക്ക് അനുസരിച്ചല്ല അവരുടെ കേളീശൈലി കൊണ്ടു തന്നെയാണെന്ന് കോണ്‍സ്റ്റന്റെന്‍ പറഞ്ഞു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കെനിയ, ചൈനീസ് തായ്‌പേയ്, ന്യൂസിലാന്റ് എന്നിവരാണ് പങ്കെടുക്കുന്ന മറ്റു രാജ്യങ്ങള്‍

Saturday, 12 May 2018

ഇന്ത്യയിലെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആഴ്‌സണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകൻ വെംഗർ


22 വര്‍ഷത്തെ ആഴ്‌സണല്‍ പരിശീലന ജീവിതത്തിന് ശേഷം വിരമിക്കാന്‍ ഒരുങ്ങുകയാണ് ആഴ്‌സണ്‍ വെംഗര്‍. ഞായറാഴ്ച്ച ഹഡേഴ്‌സ്ഫീല്‍ഡുമായി നടക്കുന്ന അവസാന പ്രീമിയർ ലീഗ് മത്സരത്തോടെ വെംഗര്‍ പരിശീലകസ്ഥാനമൊഴിയും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം പകരുന്നതാണ് കഴിഞ്ഞ ദിവസം ആഴ്‌സണല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലെ വെംഗറുടെ വാക്കുകള്‍.

ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്താനുള്ള തന്റെ ആഗ്രഹമാണ് ഇതിഹാസ പരിശീലകന്‍ തുറന്നു പറഞ്ഞത്.’ ജീവിതത്തില്‍ ഇതുവരെ നഷ്ടപ്പെടുത്തിയ കാര്യമാണത്, ഇന്ത്യ എപ്പോഴും എന്നെ കൊതിപ്പിച്ചിട്ടുണ്ട്, ഒരിക്കലും ഇവിടെ വന്നിട്ടില്ലെങ്കിലും അത് എന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല, പലപ്പോഴും ആഴ്‌സണലിന്റെ ഒരു പര്യടനം ഇന്ത്യയിലാക്കണമെന്ന് ആഗ്രഹിച്ചിരുന്നു, എന്നാല്‍ അത് നടന്നില്ല, ഉടന്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹം’ – 68കാരനായ ആഴ്‌സണ്‍ വെംഗര്‍ പറഞ്ഞു. ഇന്ത്യയിലെ സംസ്‌കാര സമ്പന്നതെ തന്നെ ആകര്‍ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ സംസ്‌കാര സമ്പന്നമായ രാജ്യമാണ് ഇന്ത്യ, ചെറുപ്പത്തില്‍ ഗാന്ധിയെ കുറിച്ചും അദ്ദേഹത്തിന്റെ അഹിംസാ സമരങ്ങളെ കുറിച്ചും ഞാന്‍ കേട്ടിട്ടുണ്ട്, അതെന്ന വളരെയധികം ആകര്‍ഷിച്ചിരുന്നു, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ തത്വചിന്തയാണ് ഇന്ത്യയ്ക്കുള്ളത്, അത് കൊണ്ട് സവിശേഷതകള്‍ ഒരുപാട് നിറഞ്ഞ രാജ്യമാണത്’ – വെംഗര്‍ മനസ്സ് തുറന്നു.

ആഴ്‌സണലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരിശീലനായാണ് വെംഗര്‍ വിലയിരുത്തപ്പെടുന്നത്. ആഴ്‌സണലിന് വേണ്ടി മൂന്നു ലീഗ് കിരീടങ്ങളും ഏഴു വീതം എഫ് എ കപ്പുകളും എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡുകളും വെംഗര്‍ നേടിക്കൊടുത്തു. 1996 മുതല്‍ ആഴ്‌സണലിനെ പരിശീലിപ്പിച്ച് വരുന്ന വെംഗര്‍ അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.