Saturday, 23 June 2018

ക്രൂസിന്റെ മഴവിൽ ഗോളിൽ ജർമനിക്ക് വിജയ൦.. സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ജർമ്മനി പ്രതീക്ഷ നിലനിർത്തി...

*രക്ഷകന്‍ ക്രൂസ്! അവസാന മിനിറ്റില്‍ ജര്‍മന്‍ ഉയിര്‍പ്പ്*⚽🔥👈🏻

ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായേക്കുമെന്ന നാണക്കേടില്‍ നിന്ന് ജര്‍മനി ഉയിര്‍ത്തെണീറ്റു. അതും ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ടോണി ക്രൂസ് നേടിയ ഗോളില്‍. കളി അവസാനിക്കാന്‍ ഒരു മിനിറ്റ് വരെ ബാക്കിനില്‍ക്കേ 1-1ന് സമനിലയിലായിരുന്നു മത്സരം. എന്നാല്‍ ക്രൂസ് ലക്ഷ്യം കണ്ടതോടെ ജര്‍മനിയ്ക്ക് ജീവന്‍ നിലനിര്‍ത്തിയ 2-1ന്റെ ജയം.

കളി ചൂടു പിടിച്ചതു മുതല്‍ പന്തിന്റെ നിയന്ത്രണം ജര്‍മന്‍ കാലുകളിലായിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ സ്വീഡന്‍ വലകുലുക്കിയെന്ന് തോന്നിച്ചതാണ്. ഏറെനേരം സ്വീഡിഷ് ബോക്‌സിനുള്ളില്‍ പന്തുമായി കടന്ന ജര്‍മന്‍ താരങ്ങളുടെ കാലില്‍ നിന്ന് പന്തു തട്ടിയെടുത്ത മാര്‍ക് ബെര്‍ഗിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവില്‍ ജര്‍മനി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബോക്‌സിനുള്ളില്‍ ജെറോം ബോട്ടെംഗിന്റെ അവസാന നിമിഷ രക്ഷപ്പെടുത്തല്‍ ഇല്ലായിരുന്നെങ്കില്‍ സ്വീഡന്‍ മുന്നിലെത്തിയേനെ. അപകടകരമായി സ്വീഡനും മുന്നേറ്റങ്ങള്‍ നടത്തിയതോടെ കളി ആവേശകരമായി.

ജര്‍മനിയെ സ്വന്തം ഹാഫില്‍ തടഞ്ഞു നിര്‍ത്തുകയെന്ന തന്ത്രത്തിലൂന്നിയാണ് സ്വീഡന്‍ കളിച്ചത്. അതുകൊണ്ട് തന്നെ പന്തിന്റെ നിയന്ത്രണം കൂടുതല്‍ സമയത്തും ജര്‍മനിക്കായിരുന്നു. കിട്ടിയ അവസരങ്ങളില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മന്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ അവര്‍ക്കായി. ഒളിമ്പിക്‌സി സ്റ്റേഡിയത്തിലെ ആയിരങ്ങളെ ഞെട്ടിച്ച് മുപ്പത്തിരണ്ടാം മിനിറ്റില്‍ സ്വീഡന്‍ മുന്നിലെത്തി. ജര്‍മന്‍ താരത്തിന്റെ കാലുകളില്‍ നിന്ന് തട്ടിയെടുത്ത പന്തുമായി മുന്നേറിയ ഒല ടോയിവോനെന്‍ ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂവറെ സമര്‍ഥമായി കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. സ്വീഡന്‍ 1-0! ജര്‍മന്‍ ക്യാംപില്‍ ബോംബ് വീണ അവസ്ഥ.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മരിയോ ഗോമസിനെ കളത്തിലിറക്കിയാണ് ജര്‍മനി തുടങ്ങിയത്. കൂടുതല്‍ ഒത്തിണക്കവും ആക്രമണങ്ങള്‍ക്കു മൂര്‍ച്ചയും കൂട്ടിയതോടെ ജര്‍മന്‍ പട അടിക്കടി സ്വീഡിഷ് ബോക്‌സില്‍ കടന്നുകയറി. ഫലവും വൈകാതെ കിട്ടി. ഗോമസിന്റെ പാസില്‍ നിന്ന് മാര്‍കോ റൂയിസിന്റെ വക ഗോള്‍. 1-1ന് ഒപ്പമായതോടെ ജര്‍മനിക്ക് കൂടുതല്‍ ആത്മവിശ്വാസമായി. പലപ്പോഴും നിര്‍ഭാഗ്യവും സ്വീഡിഷ് പ്രതിരോധത്തിന്റെ മിടുക്കുമാണ് ജര്‍മനിയെ ഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്. മറുവശത്ത് ആക്രമണത്തേക്കാള്‍ പ്രതിരോധത്തിലേക്ക് വലിയുന്ന സ്വീഡനെയാണ് കണ്ടത്. എന്നാല്‍ ക്രൂസ് ലക്ഷ്യം കണ്ടതോടെ ജര്‍മനിയ്ക്ക് ജീവന്‍ നിലനിര്‍ത്തിയ 2-1ന്റെ ജയം.

Saturday, 9 June 2018

എന്തൊരു വിഡ്ഢിത്തമാണത്; മെസ്സിയുമായുള്ള താരതമ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഛേത്രി


സ്വന്തം രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി മൂന്നാം സ്ഥാനത്താണ്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമാണ് ഛേത്രിക്ക് മുന്നിലുള്ളത്. ക്രിസ്റ്റ്യാനോയുടെ പേരില്‍ 81 ഗോളും ലയണല്‍ മെസ്സിയുടെ അക്കൗണ്ടില്‍ 64 ഗോളുകളുമാണുള്ളത്. 61 ഗോളുകളാണ് ഇന്ത്യന്‍ നായകന്റെ പേരിലുള്ളത്.

ഇപ്പോള്‍ തന്നെയും മെസ്സിയേയും തമ്മില്‍ താരതമ്യം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍.’ മെസ്സിയേയും റൊണാള്‍ഡോയേയും ഞാനുമായി താരതമ്യം ചെയ്യുന്നത് ബുദ്ധിമോശമാണ്. മൂന്ന് ഗോളുകള്‍ കൂടി സ്വന്തമാക്കിയാല്‍ മെസ്സിയേ മറികടന്ന രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നും ഞാന്‍ അവരേക്കാള്‍ കേമനാണ് എന്നുമുള്ള തരത്തില്‍ പലരും പറയുന്നത് കേട്ടു. എന്തൊരു വിഢിത്തമാണത്. മെസ്സിയും റൊണാള്‍ഡോയും എന്നേക്കാള്‍ എത്രയോ ഉയരങ്ങളിലാണ്. ഞാന്‍ ഏവരേയുംപോലെ അവരുടെ ആരാധകനാണ്. അവരും ഞാനും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. അങ്ങനൊരു താരതമ്യത്തിന് ഞാന്‍ അര്‍ഹനല്ല’ ഛേത്രി ഇന്ത്യ ടുഡെയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്റെ രാജ്യത്തിനു വേണ്ടി 60 നു മുകളില്‍ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നതു തന്നെയാണ് എന്നെ സംബന്ധിച്ച് വലിയ കാര്യം. എന്റെ രാജ്യത്തിനു വേണ്ടി കളിക്കാന്‍ കഴിഞ്ഞു എന്നതു തന്നെ വലിയ നേട്ടം. ഇന്ത്യന്‍ ജേഴ്‌സിയില്‍ നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക , ഇന്ത്യന്‍ ടീമിന്റെ നായകനാവുക. ഇതൊക്കെ ഒരു സ്വപനംപോലെ തോന്നുന്നൂള്ളു ഛേത്രി കൂട്ടിച്ചേര്‍ത്തു.

Friday, 8 June 2018

ഇന്ത്യയിലെ ഫിഫ ട്രാന്‍സ്ഫര്‍ ജാലകം ഇന്ന് തുറക്കും; സൂപ്പർ താരങ്ങളെ പ്രതീക്ഷിച്ച് ആരാധകർ


ഇന്ത്യന്‍ ക്ലബുകള്‍ക്ക് വിദേശ താരങ്ങളെ എത്തിക്കുന്നതിന് വേണ്ടിയുള്ള ഫിഫ ട്രാന്‍സ്ഫര്‍ ജാലകം ഇന്ന് തുറക്കും. ഓഗസ്റ്റ് 31 വരെയാണ് ആദ്യ വിന്‍ഡോ നീണ്ടു നില്‍ക്കുന്നത്. അടുത്ത ഐ എസ് എല്‍ സീസണ് മുമ്പായി വമ്പന്‍ താരങ്ങളെ എത്തിക്കാന്‍ ടീമുകള്‍ക്ക് ലഭിച്ചിരിക്കുന്ന അവസരമാണിത്. ഫിഫയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിലാണ് ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ സീസണ്‍ മുതല്‍ നവംബര്‍-മാര്‍ച്ച് കാലയളവിലാണ് ഐ എസ് എല്‍ നടക്കുന്നത്. ഇത്തവണത്തെ ഐ എസ് എല്ലിന്റെ ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും ക്ലബുകള്‍ക്ക് താരങ്ങളെ സ്വന്തമാക്കാനുള്ള സമയം നാളെ മുതല്‍ ആരംഭിക്കുകയാണ്. ഓഗസ്റ്റ് അവസാനം വരെ നീണ്ടു നില്‍ക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഐ എസ് എൽ ക്ലബുകളിൽ നിലവിൽ എ ടി കെ, ബെംഗളുരു എഫ് സി, ചെന്നൈയിന്‍, എഫ് സി ഗോവ, ജംഷഡ്പൂര്‍ തുടങ്ങിയ ടീമുകളില്‍ മാത്രമാണ് വിദേശസാന്നിധ്യമുള്ളത്. മറ്റു ടീമുകളൊന്നും വിദേശതാരങ്ങളുടെ കാര്യത്തില്‍ കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. ഐ എസ് എല്‍ തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോ 2019 ജനുവരി 1 മുതല്‍ 31 വരെയുമായിരിക്കും.

Thursday, 7 June 2018

തോറ്റെങ്കിലും ഛേത്രിപ്പട ഫൈനലില്‍


പ്രഥമ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. പകരക്കാരക്കാര്‍ക്ക് അവസരം നല്കി കളത്തിലിറങ്ങിയ ഇന്ത്യയെ 2-1നാണ് കിവികള്‍ തോല്‍പ്പിച്ചത്. തോറ്റെങ്കിലും ഒന്നാം സ്ഥാനക്കാരായി തന്നെ ഇന്ത്യ ഫൈനലിലെത്തി. മികച്ച ഗോള്‍ ശരാശരിയാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നു മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ആറു പോയിന്റുണ്ട്. ഗോള്‍വ്യത്യാസം എട്ടാണ്. കിവികളും രണ്ടെണ്ണം ജയിച്ചെങ്കിലും ഗോള്‍വ്യാത്യാസത്തില്‍ അവര്‍ പിന്നിലാണ്. അടുത്ത മത്സരത്തില്‍ വലിയ മാര്‍ജിനില്‍ കെനിയ ജയിച്ചില്ലെങ്കില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലാകും നടക്കുക.

ഏഴു മാറ്റങ്ങളോടെയാണ് ഇന്ത്യ അവസാന മത്സരത്തിന് ഇറങ്ങിയത്. ഫൈനല്‍ ഉറപ്പിച്ചതിനാല്‍ പകരക്കാര്‍ക്ക് പരമാവധി അവസരം നല്കാന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ തീരുമാനിക്കുകയായിരുന്നു. മലയാളി താരം ആഷിഖ് കരുണിയനും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. അമരീന്ദര്‍ സിംഗ്, സലാം സിംഗ്, നാരായണ്‍ ദാസ്, റൗളിന്‍ ബോര്‍ഗസ്, മുഹമ്മദ് റഫീഖ് ബല്‍വന്ദ് സിംഗ് എന്നിവരാണ് തുടക്കം മുതല്‍ കളത്തിലിറങ്ങിയത്. അനസ് എടത്തൊടികയ്ക്ക് വിശ്രമം അനുവദിക്കുകയും ചെയ്തു.

മറുവശത്ത് ഫൈനലിലെത്താന്‍ ജയം അനിവാര്യമായിരുന്ന ന്യൂസിലന്‍ഡ് നാലു മാറ്റങ്ങള്‍ വരുത്തി. കിവികളുടെ ആക്രമണത്തോടെയാണ് മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ആരവം ഉയര്‍ന്നത്. പതിനഞ്ചാം മിനിറ്റില്‍ അപകടകരമായ ഫൗളിനു ശ്രമിച്ച ഇന്ത്യന്‍ താരം നാരായണ്‍ദാസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ആദ്യ 25 മിനിറ്റില്‍ ഗോളിന് അടുത്തെത്തിയ ചില മുന്നേറ്റങ്ങള്‍ സന്ദര്‍ശക ടീമില്‍ നിന്നുണ്ടായി. പ്രതിരോധത്തില്‍ അനസിന്റെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു. എന്നാല്‍ ഗോള്‍ വഴങ്ങാതെ ആദ്യ പകുതി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കായി.

രണ്ടാംപകുതി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ വലകുലുക്കി. സുനില്‍ ഛേത്രി തന്നെയായിരുന്നു ഇത്തവണയും സ്‌കോറര്‍. നാല്പത്തിയേഴാം മിനിറ്റിലെ ഈ ഗോളിനു തൊട്ടുപിന്നാലെ ന്യൂസിലന്‍ഡ് സമനില പിടിച്ചു. ആന്ദ്രെ മിച്ചലാണ് വലകുലുക്കിയത്. ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിംഗിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. കളി സമനിലയില്‍ അവസാനിച്ചെന്ന് തോന്നിച്ചിടത്താണ് എണ്‍പത്തഞ്ചാം മിനിറ്റില്‍ മോസെസ് ഡയര്‍ കിവികളെ ജയത്തിലെത്തിച്ച ഗോള്‍ നേടിയത്.

Wednesday, 6 June 2018

റിനോ ഇനി മുതൽ ബെംഗളൂരു എഫ് സി ക്ക് വേണ്ടി ബൂട്ട് കെട്ടും


 കേരള ബ്ലാസ്റ്റേഴ്സിനോട് യാത്ര പറഞ്ഞ മലയാളികളുടെ സ്വന്തം റൈറ്റ് ബാക്ക് റിനോ ആന്റോ തന്റെ മുൻ ക്ലബായ ബെംഗളൂരു എഫ് സിയുമായി കരാറിൽ എത്തി. ഇന്ന് ബെംഗളൂരു എഫ് സി തന്നെ റിനോ ആന്റോയുമായി കരാറിൽ എത്തിയത് ഔദ്യോഗികമായി അറിയിച്ചു. ബെംഗളൂരു എഫ് സി ഐ എസ് എല്ലിൽ എത്തുന്നത് വരെ ബെംഗളൂരുവിന്റെ താരമായിരുന്നു റിനോ ആന്റോ.കഴിഞ്ഞ സീസൺ ഡ്രാഫ്റ്റിൽ എത്തിയപ്പോൾ റിനോ ആന്റോയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ചരിത്രമുള്ള റിനോ ആന്റോയ്ക്ക് ഈ കഴിഞ്ഞ സീസൺ അത്ര നല്ലതല്ലായിരുന്നു. പരിക്കാണ് കഴിഞ്ഞ‌ സീസണിൽ റിനോയെ അലട്ടിയത്. സീസണിൽ ഭൂരിഭാഗം സമയവും റിനോ പരിക്കിന്റെ പിടിയിലായിരുന്നു. എങ്കിലും രണ്ട് അസിസ്റ്റ് കഴിഞ്ഞ സീസണിലും റിനോ സ്വന്തം പേരിൽ കുറിച്ചു.ബെംഗളൂരു എഫ് സിയുടെ ആദ്യ നാല് സീസണിലും ടീമിനൊപ്പം റിനോ ആന്റോയും ഉണ്ടായിരുന്നു. ബെംഗളൂരുവിൽ കളിക്കുമ്പോൾ രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച റൈറ്റ് ബാക്കായാണ് റിനോ അറിയപ്പെട്ടിരുന്നത്. ബെംഗളൂരു എഫ് സിക്കൊപ്പം നാല് കിരീടങ്ങളും റിനോ ആന്റോ നേടി. രണ്ട് ഐ ലീഗ് കിരീടങ്ങളും രണ്ട് ഫെഡറേഷൻ കപ്പും റിനോ ഉൾപ്പെട്ട ബെംഗളൂരു സംഘം ഉയർത്തിയിരുന്നു. ബെംഗളൂരു എഫ് സിക്കൊപ്പം എ എഫ് സി കപ്പിന്റെ ഫൈനലിലും റിനോ എത്തിയിരുന്നു.ബെംഗളൂരു എഫ് സിയിൽ കൂടാതെ 2010-11 സീസണിൽ സാൽഗോക്കറിനൊപ്പം ഐ ലീഗും ഫെഡറേഷൻ കപ്പും, 2008-09 സീസണിൽ മോഹൻ ബഗാനൊപ്പം ഫെഡറേഷൻ കപ്പും റിനോ നേടിയിട്ടുണ്ട്. 4 ഫെഡറേഷൻ കപ്പും 3 ഐ ലീഗ് കിരീടങ്ങളും നേടിയ വേറൊരു മലയാളി താരവും ചരിത്രത്തിൽ ഇല്ല. പരിക്കിന്റെ പിടിയിലായി വിഷമിക്കുകയായിരുന്ന റിനോ ആന്റോ തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബിലേക്ക് മടങ്ങുമ്പോൾ റിനോയുടെ പതിവ് മികവിലേക്കും ഉയരുമെന്ന് പ്രതീക്ഷിക്കാം.

Monday, 4 June 2018

'ഇതുപോലെ എന്നും പിന്തുണച്ചാല്‍ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ച് ഞങ്ങള്‍ കളിക്കും' ഈ രാത്രി ഏറെ പ്രിയപ്പെട്ടത്'; സുനിൽ ഛേത്രി


മുംബൈ: തന്റെ വാക്കു കേട്ട് ഗ്യാലറിയിലേക്ക് ഒഴുകിയെത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. കെനിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന് ശേഷം തന്റെ ട്വിറ്ററിലൂടെയാണ് ഛേത്രി ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. രണ്ട് ഗോളുകളുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത് നായകന്‍ തന്നെയായിരുന്നു.

‘ഇതുപോലെ എന്നും പിന്തുണച്ചാല്‍ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ച് ഞങ്ങള്‍ കളിക്കും. ഈ രാത്രി വളരെ പ്രിയപ്പെട്ടതാണ്. കാരണം നമ്മള്‍ ഒരുമിച്ചായിരുന്നു. ഗ്യാലറിയില്‍ ആരവമുയര്‍ത്തിയവര്‍ക്കും വീട്ടിലിരുന്ന് കണ്ടവര്‍ക്കും എല്ലാവര്‍ക്കും നന്ദി,’ സുനില്‍ ഛേത്രി തന്റെ ട്വീറ്റില്‍ കുറിക്കുന്നു.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മികവിലാണ് ഇന്ത്യയുടെ വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയുടെ വിജയം. സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ജെജെ ലാല്‍പെക്കൂലയാണ് ഒരു ഗോള്‍ നേടിയത്. 68ാം മിനുട്ടിലാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്. ഛേത്രിയെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍ട്ടിയാണ് ഗോളായത്.

71ാം മിനുട്ടില്‍ ജെജെയുടെ ബുള്ളറ്റ് ഷോട്ട് ഗോളിയെ കബളിപ്പിച്ച് വല തുളച്ചു. ഇഞ്ചുറി ടൈംമിലാണ് ഛേത്രിയുടെ രണ്ടാം ഗോള്‍ പിറന്നത്. നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ വിജയം. സുനില്‍ ഛേത്രിയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഇത്രയും കാണികള്‍ കലി കാണാനെത്തിയത്. ഇത്രയും നാള്‍ ഗ്യാലറിയോട് അകലം പാലിച്ചിരുന്ന ആരാധകര്‍ ഛേത്രിയുടെ വാക്കുകളില്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നു.

ഛേത്രിയിലൂടെ ഇന്ത്യൻ ഫുട്ബോളിന് ഉയിർത്തെഴുന്നേൽപ്പ്


മുംബൈ: ഇന്ത്യൻ ഫുട്ബോളിൻെറ ചരിത്രത്തിലെ സുവർണ നിമിഷങ്ങൾക്കാണ് ഞായറാഴ്ച മുംബൈയിലെ അന്ധേരി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആരവമുയർത്തി തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ഇന്ത്യ കെനിയയെ നേരിട്ടു. നായകൻ സുനിൽ ഛേത്രിക്ക് 100ാം മത്സരം.വിമർശിച്ചാലും തെറി പറഞ്ഞാലും തങ്ങളുടെ കളി കാണാൻ വരണമെന്ന ഛേത്രിയുടെ അഭ്യർഥന ഫലം കണ്ടു. മത്സരത്തിൻെറ ടിക്കറ്റുകൾ മുഴുവൻ നേരത്തെ തന്നെ വിറ്റ് തീർന്നു. തങ്ങളുടെ കളി കാണാനെത്തിയവർക്ക് ഛേത്രിയും സംഘവും ഒരുക്കിയത് അസ്സൽ വിരുന്നായിരുന്നു.68ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഛേത്രി തന്നെയാണ് ആദ്യം കെനിയയുടെ ഗോൾവല ചലിപ്പിച്ചത്. 71ാം മിനിറ്റിൽ ജേജേ ടീമിൻെറ രണ്ടാം ഗോൾ നേടി. എക്സ്ട്രാ ടൈമിൽ തകർപ്പൻ ഗോളിലൂടെ ഛേത്രി കാണികളുടെ മനം കവർന്നു. ആരാധകർക്ക് നേരെ നിന്ന് കൈ കൂപ്പി കൊണ്ടാണ്ഇന്ത്യൻ നായകൻ തൻെറ സന്തോഷം പങ്കു വെച്ചത്.അക്ഷരാർഥത്തിൽ ഇന്ത്യൻ ഫുട്ബോൾ ഉയിർത്തെണീക്കുകയാണ്. ഛേത്രി എന്ന ഫുട്ബോളർ അതിനെ മുന്നിൽ നിന്ന് നയിക്കുകയാണ്.